ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളിലും പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ ജൂൺ ആറിന് വൻ പ്രതിഷേധം സംഘടിപ്പിക്കുന്നു. 'സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്' സ്ഥാപകനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലാണ് സമരം. പ്രതിഷേധത്തിന് നേരിട്ട് നേതൃത്വം നൽകുന്നതിനായി അദ്ദേഹം അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ വിവാദങ്ങളിലും വിദ്യാഭ്യാസ പരിഷ്കരണങ്ങളിലെ പാകപ്പിഴകളിലും കേന്ദ്ര മന്ത്രാലയത്തിന് വീഴ്ച പറ്റി എന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. വിദ്യാർത്ഥി സംഘടനകളുടെയും വിവിധ ജനകീയ കൂട്ടായ്മകളുടെയും പിന്തുണയോടെയാണ് ജൂൺ 6-ലെ ജന്തർ മന്തർ പ്രതിഷേധം പ്ലാൻ ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി സ്ഥാനമൊഴിയുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സിജെപിയുടെ തീരുമാനം. വിദേശത്തുനിന്നുള്ള അഭിജീത് ദിപ്കെയുടെ മടങ്ങിവരവും ജന്തർ മന്തറിലെ ഈ പ്രതിഷേധവും വരും ദിവസങ്ങളിൽ ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.